വികസനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്ളതതിനേക്കാള് പദ്ധതികള്‍ നടപ്പിലാക്കിയെന്ന് സ്റ്റാലിന്.
ഡിഎംകെ സര്‍ക്കാര്‍ പ്രധാനവാഗ്ദാനങ്ങള് പോലും നടപ്പിലാക്കിയില്ലെന്നായിരുന്നു വിജയ്യുടെ വിമര്‍ശനം. 24 മണിക്കൂര്‍ തികയും മുന്‍പ് വിജയ്യുടെ ഈ വിമര്‍ശനങ്ങള്‍ക്ക് എം കെ സ്റ്റാലിന് മറുപടി നല്കി. 505 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നാനൂറിലധികം നടപ്പിലാക്കി. എഴുപതില്‍ കൂടുതല്‍ പദ്ധതികള്‍ നടന്നുവരുന്നു. ചിലര്‍ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുകയാണെന്ന് സ്റ്റാലിന് പറഞ്ഞു. തമിഴ്നാട്ടിലെ വികസം വടക്കേ ഇന്ത്യയില്‍ പോലും ചര്‍ച്ചയാണെന്നും തത്വദീക്ഷയില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും സ്റ്റാലിന് പറഞ്ഞു.
തെക്കേ ഇന്ത്യയിലെ മാധ്യമങ്ങള്‍ പോലും ദ്രാവിഡ മോഡലിനെ പുകഴ്ത്തുന്നു. ഇത് ചിലര്‍ക്ക് അറിയില്ല. അറിഞ്ഞാലും മറച്ചുവയ്ക്കുന്നു. തത്വം ഇല്ലാത്ത ഒരുകൂട്ടമുണ്ട്. അവരുടേത് വിലകുറഞ്ഞ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. വിജയ്യെയോ ടിവികെയെയോ പരാമര്‍ശിക്കാതെയാണ് സ്റ്റാലിന്റെ വാക്കുകള്‍. എടപ്പാടി പളനിസ്വാമിയുടെ വിമര്‍ശനത്തിന് മറുപടി എന്ന നിലയിലാണ് പരാമര്‍ശം.
അതേസമയം, വിജയ്യുടെ രാഷ്ട്രീയ പര്യടനം ആരംഭിച്ച ദിവസം നടന് രജനീകാന്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പുകഴ്ത്തിയത് ചര്‍ച്ചയാകുന്നുണ്ട്. രജനിയുടെ വാക്കുകള്‍ യാദൃശ്ചികമായുണ്ടായതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയ്യുടെ യാത്രയെ വിമര്‍ശിച്ച് സീമാനും രംഗത്തെത്തി.
പുതിയ എതിരാളികള്‍ക്കും സ്റ്റാലിന് ആരാണെന്ന് മനസിലാകുമെന്ന് പറയുമ്പോള്‍ ഉന്നമിടുന്നത് വിജയ്യെ തന്നെ. രാഷ്ട്രീയ വിഷയങ്ങളില്‍ കുറച്ചുനാളായി മൗനം പാലിക്കുന്ന രജനിയുടെ ഈ നീക്കം ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങള്‍ രജനി ആരാധകരും ടിവികെ പ്രവര്‍ത്തകരും തമ്മിലുള്ള പോര് തുടങ്ങിക്കഴിഞ്ഞു.