‘എല്ലാം മാധ്യമങ്ങളുടെ പ്രൊപ്പഗാണ്ട, ലക്ഷ്യം താനല്ല, താൻ ഒരു കണ്ണി മാത്രം’; രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ. മിഷൻ 2026 എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രൊപ്പപ്പഗാണ്ട എന്ന വാദം രാഹുൽ ഉയർത്തുന്നത്.

മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു.
നേതാക്കളും യുവനിരയും സൈബർ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രൊപ്പഗാണ്ടയിൽ വീണു പോകരുതെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന.