Headlines

‘N M വിജയൻറെ കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിൽ പണമില്ല’; സണ്ണി ജോസഫ്

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അവർ പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.
കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാർ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കഴിഞ്ഞദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ എം വിജയന്റെ കുടുംബം രംഗത്തു വന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു പത്മജയുടെ ആരോപണം. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു.

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാർ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു.