തമിഴ് വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും. തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ആണ് നാളെ പര്യടനം. കര്‍ശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനം മാറ്റിയെടുക്കുക, ഒപ്പം എഐഎഡിഎംകെയിലെയും എന്‍ഡിഎയിലെയും പൊട്ടിത്തെറിയിലൂടെ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വിജയ്ക്കുണ്ട്.
പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം ഒമ്പതരയോടെ പ്രസംഗവേദിക്ക് അരികില്‍ എത്തണം. വിജയ് റോഡ് ഷോ നടത്താന്‍ പാടില്ല. വിജയ്‌യുടെ വാഹനത്തിനൊപ്പം ആറ് വാഹനങ്ങള്‍ മാത്രമേ പാടുള്ളു. 10:35 ന് പ്രസംഗം ആരംഭിച്ചാല്‍ 11:00 മണിക്ക് അവസാനിപ്പിക്കണം. ഇങ്ങനെ പോകുന്നു നിബന്ധനകള്‍. തിരുച്ചിറപ്പള്ളിക്ക് ശേഷം പെരുമ്പലൂര്‍, അരിയെല്ലൂര്‍ ജില്ലകളിലും വിജയ് എത്തും.
ശനിയാഴ്ചകളില്‍ മാത്രമാണ് പര്യടനം. ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ അടക്കമുള്ളവര്‍ ഇതിനെ കളിയാക്കിയിരുന്നു. ആരാധക കൂട്ടത്തിനപ്പുറം ജനങ്ങളിലേക്ക് എത്താന്‍ സംസ്ഥാന പര്യടനം ഉപകാരപ്പെടുമെന്നാണ് വിജയ്‌യുടെയും ടിവികെയുടെയും പ്രതീക്ഷ.