Headlines

യോഗേഷ് ഗുപ്തയ്‌ക്കെതിരെ നടപടിയുണ്ടായോ എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ വ്യക്തമായ മറുപടി നല്‍കാതെ സര്‍ക്കാര്‍. യോഗേഷ് ഗുപ്തയ്‌ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുവേണ്ടിയാണ് യോഗേഷ് ഗുപ്ത വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. 13 തവണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നും ക്ലിയറന്‍സ് റിപ്പോര്‍ട്ട് തടഞ്ഞുവച്ച് സര്‍ക്കാര്‍ ഉപദ്രവിക്കുന്നുവെന്നുമാണ് യോഗേഷിന്റെ ആരോപണം. വിവരാവകാശ പ്രകാരം ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റിനായി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് ഒടുവില്‍ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ ഇന്നലെ നടന്ന സിറ്റിംഗിലും വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിയാതെ വരികയായിരുന്നു.
യോഗേഷ് ഗുപ്തയ്‌ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ കൗണ്‍സില്‍ നല്‍കിയത് അറിയില്ല എന്ന മറുപടിയാണ്. വിഷയത്തില്‍ വിശദമായ പ്രതികരണം നടത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ കൗണ്‍സിലിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ട് ട്രിബ്യൂണല്‍ 15-ാം തിയതിവരെ സമയം അനുവദിച്ചിരിക്കുകയാണ്. യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും അന്നേ ദിവസം സര്‍ക്കാര്‍ കൗണ്‍സിലിന് വ്യക്തമാക്കേണ്ടി വരും.