തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ പരിഗണിക്കുന്നു. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോര്‍ട്ടിൽ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നാണ് നിലപാട്.
വിജിലന്‍സ് കോടതിയുടെ പരാമർശം മാറ്റിയില്ലെങ്കിൽ നിയമപ്രശ്നമുണ്ടാകുമെന്ന് വിജിലൻസും സര്‍ക്കാരിനെ അറിയിച്ചു. അപ്പീൽ പോകണമെന്നാണ് വിജിലന്‍സുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നത്.