Headlines

‘ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല’; മോദിക്കും അമിത്ഷായ്ക്കും എതിരെ ഖര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇരുവര്‍ക്കും താത്പര്യമില്ലെന്ന് ഖര്‍ഗെ പറഞ്ഞു. ഗുജറാത്തിലെ ജുനഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്നത് ജനാധിപത്യത്തില്‍ സാധാരണമാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. മഹാത്മാഗാന്ധിയെയും വല്ലഭായ് പട്ടേലിനെയും പോലുള്ളവര്‍ ജനിച്ചുവളര്‍ന്നതും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതുമായ നാട്ടില്‍ ഈ രണ്ട് കാര്യങ്ങളുടെ ഞങ്ങളെ സംബന്ധിച്ച് വളരെ ശ്രേഷ്ടമാണ്. അവര്‍ കാരണമാണ് രാജ്യം ഒന്നിച്ചത്. എന്നാല്‍, മറ്റ് രണ്ട് പേര്‍ ഭരണഘടന സുരക്ഷിതമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ജനാധിപത്യം സംരക്ഷിക്കാനും താത്പര്യമില്ല – ഖര്‍ഗെ പറഞ്ഞു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലായിരുന്നു, കിട്ടാവുന്ന അത്രയും വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു – അദ്ദേഹം പറഞ്ഞു.

അതേസമയം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവോട്ടുകള്‍ ചോര്‍ന്നതില്‍ ഇന്ത്യ സഖ്യത്തിനുള്ളില്‍ അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. വോട്ട് ചോര്‍ന്നത് എല്ലാ പാര്‍ട്ടികളും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ത്യ സഖ്യത്തിലെ ഓരോ പാര്‍ട്ടികളും പരിശോധിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.