ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല. കോടതിയുടെ അനുമതി നേടാന്‍ ആവശ്യത്തിന് സമയം ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്. സംഭവം ഗുരുതര വീഴ്ച എന്നാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പണികള്‍ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിര്‍ദ്ദേശം ലംഘിക്കിച്ചെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. ഇതിന് ബോര്‍ഡും ക്ഷേത്ര തന്ത്രിയും അനുമതി നല്‍കിയിരുന്നു. തിരുവാഭരണം കമ്മീഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,പൊലീസ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതമായ വാഹനത്തിലാണ് ചെന്നൈയിലെക്ക് കൊണ്ടുപോയത്. വാര്‍ത്തകള്‍ക്കു പിന്നില്‍ ആഗോള അയ്യപ്പ സംഗമത്തിന് അവമതിപ്പുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്നും ദേവസ്വം ബോര്‍ഡ് ആരോപിച്ചു.