Headlines

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ എത്തിയ ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഇയാൾ മദ്യപിച്ചായിരുന്നു ആശുപത്രിയിൽ ഭാര്യയ്‌ക്കൊപ്പം എത്തിയത്.

ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തുകയും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി. ഡോക്ടർ പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചതിന് പിന്നാലെയാണ് ഗോപകുമാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ഷര്‍ട്ടില്‍ കയറി പിടിച്ച് വലിച്ച് കീറുകയും ചെയ്തത്. പിന്നാലെ ആക്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.