പത്തനംതിട്ടയിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഉത്രാടപ്പാച്ചിൽ ആയതിനാൽ റോഡുകളിൽ സാധാരണയെക്കാൾ കൂടുതൽ തിരക്കാണ് അനുഭവപെട്ടിരുന്നത്.
നായ ആക്രമിക്കാൻ വന്ന സമയം റോഡിന്റെ സൈഡിലേക്ക് മാറിയെന്നും പിന്നീട് ദേഹത്ത് കയറി ആക്രമിക്കുകയായിരുന്നുവെന്നും പരുക്കേറ്റ ഒരാൾ പറഞ്ഞു. താൻ പെട്ടെന്ന് തന്നെ കൈ കുടഞ്ഞതുകൊണ്ടാണ് കൂടുതൽ പരുക്കേൽക്കാതെ ഇരുന്നതെന്നും കടിയേറ്റ ഉടൻ തന്നെ ഓട്ടോയിൽ കയറി ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഒരേ നായ തന്നെയാണോ ഇത്രയും ആളുകളെ കടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.