നിയമസഭയെ കണ്ണീരിലാഴ്ത്തി ഓണാഘോഷത്തിനിടെ ജീവനക്കാരന്റെ മരണം. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഭവം. ഓണം മൂഡ് പാട്ടുവച്ച് ഊര്‍ജസ്വലതയോടെ ഡാന്‍സ് ചെയ്യവേയാണ് ജുനൈസ് വീണത്. ഡാന്‍സിനിടെ വീണതാണെന്നായിരുന്നു എല്ലാവരും കരുതിയത്. എഴുന്നേല്‍ക്കാതായതോടെ സഹപ്രവര്‍ത്തകര്‍ തന്നെ താങ്ങിയെടുത്ത് അതിവേഗത്തില്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിങ്കളാഴ്ച നിയമസഭയില്‍ ഓണാഘോഷത്തിനിടെയാണ് നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനായ ജുനൈസ് കുഴഞ്ഞുവീണ് മരിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരി കാര്‍ത്തിക ഹൗസിങ് കോളനി വാഴയില്‍ ഹൗസില്‍ പരേതനായ കുഞ്ഞബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് വി. ജുനൈസ് അബ്ദുല്ല. 46 വയസായിരുന്നു.
14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി വി അന്‍വര്‍ രണ്ടാംവട്ടം എംഎല്‍എ ആയിരുന്നപ്പോഴാണ് പേഴ്സണല്‍ സ്റ്റാഫായത്. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് നിയമസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വടം വലിയില്‍ ജുനൈസിന്റെ ടീമിന് ഒന്നാം സ്ഥാനമായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിര്‍ത്തിവെച്ചു.