Headlines

‘ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള പരാമര്‍ശം നിരുത്തരവാദപരം’; രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി

രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി. ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും ബിജെപി കരുതിയിരിക്കണം എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അതേസമയം, വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടു കൊള്ളയ്ക്കും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെയും നീക്കം. ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരെ വോട്ട് ചോരി മുദ്രാവാക്യവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച 16 നീണ്ട ദിവസം യാത്ര ഇന്നലെയാണ് സമാപിച്ചത്. പട്‌നയിലെ ഗാന്ധി മൈതാനത്തിന് ആരംഭിച്ച പദയാത്രയോടെയാണ് യാത്ര അവസാനിച്ചത്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ അംബേദ്കര്‍ പാര്‍ക്കിലേക്ക് പദയാത്രയും.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, തുടങ്ങി ഇന്ത്യാസഖ്യത്തിലെ നേതാക്കള്‍ പദയാത്രയ്ക്ക് എത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ബിഹാര്‍ ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടന വേദിയായി.