Headlines

‘ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ല’ ; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ ഇലക്ഷനില്‍ അവരെ അതിന് അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമാണ് നേരത്തെ എന്‍ഡിഎയ്ക്ക് എതിരെ ഉന്നയിച്ചത്. ബിജെപിയുടെ ലക്ഷ്യമ വോട്ട് മോഷണം അല്ല, വോട്ട് കൊള്ളയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും വലിയ ജന പിന്തുണയാണ് ബീഹാറില്‍ നിന്ന് ലഭിച്ചത്.

പര്യടനത്തിന്റെ അവസാന ദിനമായ ഇന്ന് ബിഹാറിലെ സരണില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനൊപ്പം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും യാത്രയില്‍ അണിചേര്‍ന്നത് നിര്‍ണായകമായി.

ഓഗസ്റ്റ് 17ന് ബീഹാറിലെ സസറാമില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം അണിനിരന്നിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം സെപ്റ്റംബര്‍ ഒന്നിന് പദയാത്രയോടെ വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കും.

അതിനിടെ, പ്രധാനമന്ത്രിക്കും മാതാവിനും എതിരെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോശം പരാമര്‍ശം നടത്തിയതില്‍ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.