Headlines

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ മുങ്കീറില്‍ നിന്ന് തുടങ്ങും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍. 13,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ബിഹാറിലെ ഗയയില്‍ ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെ പാട്‌നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെയാണ് പദ്ധതികള്‍. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് രാവിലെ എട്ടുമണിക്ക് ബിഹാറിലെ മുങ്കീറില്‍ നിന്ന് ആരംഭിക്കും.

പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി ബിഹാറില്‍ മറുപടിയും നല്‍കിയേക്കും.

അതേസമയം, ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒഴിവാക്കിയ 65 ലക്ഷം പേരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊണ്ട നടപടികളുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഇന്നേക്കകം സമര്‍പ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കമ്മിഷന്‍ ഒഴിവാക്കിയവരില്‍ പരാതിയുള്ളവര്‍ക്ക് ആധാറിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കാമെന്നും കോടതി പറഞ്ഞിരുന്നു. കേസിലെ തല്‍സ്ഥിതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും.