ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും. പട്നയിലെ പദയാത്രയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രാ അവസാനിക്കുക. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കിലാണ് അവസാനിക്കുക. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും.
ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. 14 ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ബീഹാറില്‍ ഇന്ത്യാ സഖ്യം കരുത്തു തെളിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ,സച്ചിന് പൈലറ്റ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കനിമൊഴി എം പി തുടങ്ങിയവര്‍ യാത്രയില്‍ അണിനിരന്നിരുന്നു.
പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ ബിഹാറിലെ സരണില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനൊപ്പം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും യാത്രയില്‍ അണിചേര്‍ന്നത് നിര്‍ണായകമായി. യാത്രയില്‍ പങ്കെടുത്ത അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമാണ് നേരത്തെ എന്‍ഡിഎയ്ക്ക് എതിരെ ഉന്നയിച്ചത്. ബിജെപിയുടെ ലക്ഷ്യമ വോട്ട് മോഷണം അല്ല, വോട്ട് കൊള്ളയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും വലിയ ജന പിന്തുണയാണ് ബിഹാറില്‍ നിന്ന് ലഭിച്ചത്.
ഓഗസ്റ്റ് 17ന് ബിഹാറിലെ സസറാമില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം അണിനിരന്നിരുന്നു. ഇന്ന് ഒരു ദിവസത്തെ ഇടവേളക്കുശേഷം നാളെ പദയാത്രയോടെ വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കും.