Headlines

വനിതാ പൊലീസിന്റെ വൈറൽ വിഡിയോ വസ്തുതാ വിരുദ്ധം, ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല, ഓടുന്ന ദൃശ്യം പകർത്തിയത് ഡ്രൈവർ; മോട്ടോർ വാഹന വകുപ്പ്

ആംബുലൻസിന് വനിതാ പൊലീസ് അപർണ വഴി ഒരുക്കിയ വൈറൽ വീഡിയോ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വീഡിയോ എടുക്കുമ്പോൾ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല. ആംബുലൻസ് ഓടിക്കുന്നതിനിടെ ഡ്രൈവർ തൻ്റെ സ്വന്തം മൊബൈലിൽ പകർത്തിയ വീഡിയോ ആണിതെന്നും എംവിഡി വ്യക്തമാക്കി.

തൃശ്ശൂർ RTO എൻഫോഴ്സ്മെന്റ് നടത്തി അന്വേഷണത്തിലാണ് വസ്തുതകൾ പുറത്തുവന്നത്. ഡ്രൈവറിനെ ഉൾപ്പെടെ ആംബുലൻസ് തൃശ്ശൂർ മരത്താക്കര RTO എൻഫോഴ്സ്മെൻ്റ് ഓഫീസിൽ പിടിച്ചെടുത്തു. ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്.

എന്നാല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നു ഡ്രൈവര്‍ വിശദീകരിച്ചു. ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോഴായിരുന്നു ഫോണ്‍ എടുത്തതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരു രോഗിയെ എടുക്കാന്‍ പോകുന്ന വിഡിയോ ആണ് പ്രചരിച്ചത്. ആ സമയത്ത് വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.