അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സിപിഐഎം വിമത യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഈ മാസം അഞ്ചാം തിയതിയാണ് കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുകയും സിപിഐഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തത്. സിപിഐഎം വിമത കലാ രാജു ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം കലാ രാജുവിന് വിപ്പ് നല്‍കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിട്ടുണ്ട്. കലാ രാജുവിനേയും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയേയുമാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് യുഡിഎഫ് പരിഗണിക്കുന്നത്.
മുന്‍പ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും പൊതുമധ്യത്തില്‍ അപമാനിച്ചെന്നും ഉള്‍പ്പെടെ ആരോപണം ഉന്നയിച്ച് കലാ രാജു രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മുന്‍പ് എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഐഎം പ്രവര്‍ത്തകര്‍ ബലമായി തന്നെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നും വസ്ത്രം പിടിച്ചുവലിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കലാ രാജുവിന്റെ ആരോപണം.