സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
കണ്ണൂർ ലാമ്പിൽ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തിൽ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ആദ്യഘട്ടം സാമ്പിൾ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകാൻ കാരണം. കോഴിക്കോട് മായനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുൽത്താൻബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്ന് കഴിഞ്ഞ ജൂൺ 28നാണ് കണ്ടെത്തിയത്. 2024 മാർച്ച് 20 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.