വോട്ട് കൊള്ളയ്ക്കും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും അണിചേരും. രാവിലെ 8 മണിയോടെ ബീഹാറിലെ സുപോളിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. മധുബനിയിലെ പൊതു പരിപാടിയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
ബീഹാറിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ഹർത്താലിക തീജിനോടനുബന്ധിച്ചാണ് പ്രിയങ്കയുടെ സന്ദർശനം. നാളെ മുതൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ അണി നിരക്കും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, അഖിലേഷ് യാദവ്, ഹേമന്ത് സോറൻ , രേവന്ത് റെഡി, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും.സെപ്റ്റംബർ ഒന്നിന് പാട്നയിലെ മഹാറാലിയോടെ വോട്ടർ അധികാര യാത്ര അവസാനിക്കും.
ഈ മാസം 17ന് സസ്റാമിൽ നിന്ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര ബിഹാറിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള പര്യടനം തുടരുകയാണ്. വോട്ടർ അധികാർ യാത്രയ്ക്ക് വൻജന പങ്കാളിത്തമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബീഹാറിലെ അരാരിയയിൽ ബുള്ളറ്റ് ഓടിച്ചായിരുന്നു രാഹുൽഗാന്ധിയുടെയും തേജസ്വി യാദവിന്റെയും വോട്ട് കൊള്ളക്കെതിരായ പ്രചരണം. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് രാഹുൽഗാന്ധിയുടെ പരാമർശം. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ട് എന്നും ആരോപണമുണ്ട്.