Headlines

‘UDF എല്ലാം മറികടക്കും’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് പി കെ ഫിറോസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും യുഡിഎഫ് എല്ലാം മറികടക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം കൂടി രാജി വെക്കണമെന്ന നിലപാടെടുത്തത്. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത് മുതിർന്ന നേതാക്കളും എം.എൽ.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാൽ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും രാഹുലിന്റെ നിലപാട് അനുകൂലമല്ല. തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാൻ പാടുളളു എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചിട്ടുളളത്.

രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി കാര്യത്തിൽ കെപിസിസി നേതൃത്വത്തിന്റെ കൂടിയാലോചന രാത്രിയോടെ പൂർത്തിയാവും. ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഹുൽ രാജി ആവശ്യത്തിൽ നാളേക്കകം തീരുമാനം ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.