ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബിൽ: ജെപിസിയുമായി സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

ദില്ലി : ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജെപിസി നടപടികളോട് സഹകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും, സമാജ് വാദി പാർട്ടിയും നിലപാടെടുത്തു. എന്നാൽ സഹകരിച്ചില്ലെങ്കിൽ എതിർപ്പ് രേഖപ്പെടുത്താൻ പോലുമുള്ള വേദിയില്ലാതാകുമെന്ന നിലപാടിലാണ് കോൺഗ്രസും, സി പിഎമ്മും, ആർഎസ്പിയും. പ്രതിപക്ഷ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് കാത്ത് നിൽക്കുകയാണ് സർക്കാർ 31 അംഗ ജെപിസിയാകും സർക്കാർ പ്രഖാപിക്കുക. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്നതാണ് പുതിയ ബില്ല്. കുറ്റകൃത്യത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് തുടർച്ചയായി 30 ദിവസത്തേക്ക് കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം അവർക്ക് അവരുടെ പദവി നഷ്ടപ്പെടും. നിയമം നിലവിൽ വന്നാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപേ തന്നെ പദവി നഷ്ടമാകും. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം.പി.യോ എം.എൽ.എ.യോ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അവരുടെ പദവി നഷ്ടമാകൂ.

ഈ ബില്ലുകൾക്ക് പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഒരു ആയുധമായി സർക്കാർ ദുരുപയോഗം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാൽ, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് ക്രിമിനൽ കേസുകളിൽ അറസ്റ്റിലായാലും പദവിയിൽ തുടരാൻ നിലവിൽ നിയമം അനുവദിക്കുന്നില്ല എന്നതുകൊണ്ടാണ് ഈ ബിൽ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം.