Headlines

‘പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു’; വി.കെ സനോജ്

ഷാഫി പറമ്പിൽ അറിയാതെ ഒന്നും നടക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫിയാണ് സ്പോൺസർ. ഭീഷണിപ്പെടുത്തിയും പണം നൽകിയും പരാതിക്കാരെ ഷാഫിയും വി.ഡി. സതീശനും ഒതുക്കി തീർക്കുന്നു. വി.ഡി. സതീശന്റെയും ഷാഫിയുടെയും മുമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത്.

എഫ്‌ഐആർ കേസില്ലെന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും പരാതി പറഞ്ഞ സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവർത്തകരെ അണിനിരത്തി നേരിടുമെന്നും വി.കെ. സനോജ് പ്രതികരിച്ചു.

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട് . സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്.

എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം ആവർത്തിച്ചാണ് നേതാക്കൾ പ്രതിരോധം തീർക്കുന്നത്.

അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്നുള്ളയാൾ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു വി ഡി സതീശൻ പറഞ്ഞു.