പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം; 12%, 18% സ്ലാബുകള്‍ ഒഴിവാക്കും

ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ മന്ത്രിതല സമിതി അംഗീകരിച്ചു. ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ ഒഴിവാക്കും. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്. കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഈ സമിതിയില്‍ അംഗമാണ്

പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റപ്പെടും.അതേസമയം സിഗരറ്റ്, പാന്‍മസാല അടക്കമുള്ളവയുടെ 40 ശതമാനം ഉയര്‍ന്ന തീരുവയില്‍ മാറ്റം ഉണ്ടാകില്ല.

സംസ്ഥാനങ്ങളുടെ വരുമാനം കുറയുമോ, നഷ്ടപരിഹാരം നല്‍കുമോ എന്നതിലുള്‍പ്പെടെ ഇന്ന് വ്യക്തതയുണ്ടായിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രിമാര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍പ് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.