Headlines

ലോകത്തിലെ ഏറ്റവും ദയാലുവായ വൈറൽ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രോവിഡൻസിലെ മുൻ ചീഫ് ജഡ്ജിയും, ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാൻസറിനോട് ഏറെ നാൾ പോരാടിയ ശേഷമാണ് ഇന്നലെ അദ്ദേഹത്തിൻ്റെ മരണം. തൻ്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു ജഡ്ജ് ഫ്രാങ്ക് കാപ്രിയോ.

‘കോർട്ട് ഇൻ പ്രൊവിഡൻസ്’ ഒരു ജനകീയ കോടതി

റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായി ഏകദേശം 40 വർഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. കോടതിയിലെ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയുടെ പ്രവർത്തനങ്ങൾ ‘കോർട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ ഷോയിലൂടെ ലോകമെമ്പാടും എത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഷോയിലെ വീഡിയോ ക്ലിപ്പുകൾ, ഒരു ബില്ല്യണിലധികം കാഴ്ചക്കാരെ നേടി. ചെറിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് പോലും അദ്ദേഹം പ്രതികളോട് കാണിച്ച അനുകമ്പയും ദയയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു. പിഴയടയ്ക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരുടെ അവസ്ഥ മനസ്സിലാക്കി, പലപ്പോഴും പിഴ ഒഴിവാക്കിക്കൊടുത്ത്, കാരുണ്യത്തിൻ്റെ യഥാർത്ഥ മുഖം എന്താണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. ‘കോർട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഷോയിലൂടെ, ഒരു ന്യായാധിപൻ എങ്ങനെയായിരിക്കണം എന്നതിന് അദ്ദേഹം ഒരു പുതിയ മാതൃക തന്നെ സൃഷ്ടിച്ചു.

താൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നതെന്നും, ആ അവസ്ഥ എന്താണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ കാര്യത്തിൽ വിധി പറയാൻ കുട്ടികളെ ബെഞ്ചിലേക്ക് ക്ഷണിച്ചിരുന്ന അദ്ദേഹത്തിൻ്റെ വീഡിയോകൾ ഏറെ ജനപ്രിയമായിരുന്നു. 2018 മുതൽ 2020 വരെ സംപ്രേഷണം ചെയ്ത ഈ ഷോയ്ക്ക് നിരവധി ‘ഡേടൈം എമ്മി നോമിനേഷനുകളും’ ലഭിച്ചിട്ടുണ്ട്.

1936-ൽ ഒരു ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ ജനിച്ച ഫ്രാങ്ക് കാപ്രിയോ, ഹൈസ്കൂൾ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സായാഹ്ന ക്ലാസുകളിലൂടെ നിയമ ബിരുദം നേടി. 1985 മുതൽ 2023-ൽ വിരമിക്കുന്നതുവരെ പ്രോവിഡൻസ് മുൻസിപ്പൽ കോടതിയുടെ മുഖ്യ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. നീതി നിർവഹണം അടിച്ചമർത്തലുകളില്ലാതെ എങ്ങനെ നടപ്പാക്കാമെന്ന് അദ്ദേഹം തൻ്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ‘കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബബന്ധങ്ങളുടെ തകർച്ചയാണെന്ന് പലപ്പോഴായി പറഞ്ഞിരുന്നു.

മരണത്തിന് തൊട്ടുമുമ്പ് തൻ്റെ രോഗം ഭേദമാകാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ, അദ്ദേഹത്തിൻ്റെ വിനയവും ദൃഢനിശ്ചയവും വിളിച്ചോതുന്നതായിരുന്നു. ഒരു ജഡ്ജി എന്നതിലുപരി, സഹാനുഭൂതിയും മനുഷ്യത്വവും ജീവിതത്തിൽ പകർത്താൻ പഠിപ്പിച്ച ഒരു നല്ല മനുഷ്യനായിരുന്നു ഫ്രാങ്ക് കാപ്രിയോ. അദ്ദേഹത്തിൻ്റെ വിയോഗം നിയമലോകത്തിനും മാനുഷിക മൂല്യങ്ങൾക്കും ഒരുപോലെ നഷ്ടമാണ്.