Headlines

‘ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കി’; BJP സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് RSS

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി.

ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ. കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കണ്ടത് പർവതീകരിച്ച് അവതരിപ്പിച്ചെന്ന് വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും.

സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത്. രാജീവ് ചന്ദ്രശേഖരനെ കണ്ട് നന്ദി പറയാൻ എത്തിയതാണെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറെ കാണാന്‍ താല്‍പര്യം അറിയിച്ചത് കന്യാസ്ത്രീകളുടെ കുടുംബമാണെന്ന് വൈസ് പ്രസിഡന്റ് അനൂപ് ആന്‍റണി പറഞ്ഞിരുന്നു. ബി.ജെ.പി. സംസ്ഥാന ഘടകം എല്ലാ സഹായവും നല്‍കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് ഉള്ളതെന്നും അനൂപ് ആന്‍റണി പറഞ്ഞിരുന്നു.