Headlines

പാലിയേക്കര ടോള്‍: 150 രൂപ നല്‍കി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത്? ചോദ്യമുന്നയിച്ച് സുപ്രീംകോടതി

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയാനായി മാറ്റി സുപ്രീംകോടതി. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ഇന്നും ആവര്‍ത്തിച്ചു.

മണ്‍സൂണ്‍ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ടോള്‍ തുക എത്രയെന്ന് കോടതി ചോദിച്ചു. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

പ്രശ്‌നമുണ്ടെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതല്ല പരിഹാരമെന്ന് ദേശീയപാത അതോറിറ്റി. പ്രശ്‌നം പരിഹരിക്കുന്നതിന് PST എഞ്ചിനീയറിങ് കമ്പനിക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന കരാര്‍ കമ്പനി വ്യക്തമാക്കി. ഉത്തരവാദിത്വം ഉപകരാര്‍ കമ്പനിക്കെന്നും പ്രധാന കരാര്‍ കമ്പനി വാദിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.