Headlines

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ; ‘അനാവശ്യ വാചകമടി നിര്‍ത്തണം, ഇല്ലെങ്കിൽ മുറിവേൽക്കുന്ന വലിയ പ്രത്യാഘാതം നേരിടേണ്ടിവരും’

ദില്ലി: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്ഥാന്‍റെ ഏത് അതിസാഹസത്തിനും കടുത്ത തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാൻ അനാവശ്യ വാടചക മടി നിര്‍ത്തണമെന്നും ഇല്ലെങ്കിൽ മുറിവേൽക്കുന്ന പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

തോൽവി മറച്ചുവെയ്ക്കാനാണ് പാകിസ്ഥാൻ സേനാ മേധാവിയുടെ വീരവാദമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. സിന്ധു നദീ ജല കരാർ റദ്ദാക്കിയത് തുടരും. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ കരാർ റദ്ദാക്കിയതിൽ തൽസ്ഥിതി തുടരും. അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം അലാസ്കയിൽ ഈ മാസം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.

പരസ്പര സഹകരണത്തിന്‍റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ പങ്കാളിത്തം നയതന്ത്ര ബന്ധത്തിലെ നെടുംതൂണാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ആഗസ്റ്റ് പകുതിയോടെ യുഎസിന്‍റെ പ്രതിരോധ നയരൂപീകരണ സംഘം ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം അലാസ്കയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള 21ാമത് സംയുക്ത സൈനിക അഭ്യാസവും നടക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.