കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വി.സി. അവസാന നിമിഷം മാറ്റി; പ്രതിഷേധം ശക്തം

കേരള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം അവസാന നിമിഷം മാറ്റിവെച്ച വൈസ് ചാൻസലർ (വി.സി) ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരാനിരുന്ന യോഗം, ഭൂരിഭാഗം അംഗങ്ങളും സർവകലാശാല ആസ്ഥാനത്ത് എത്തിയ ശേഷമാണ് വി.സി മാറ്റിവെച്ചത്. ഇതിനെതിരെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

110 അംഗങ്ങളുള്ള അക്കാദമിക് കൗൺസിലിന്റെ യോഗത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. യോഗം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ്, വി.സി മോഹനൻ കുന്നുമ്മൽ യോഗം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ കോഴ്സുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് നിർണായക അക്കാദമിക് വിഷയങ്ങൾ എന്നിവയിൽ തീരുമാനമെടുക്കേണ്ട യോഗമാണ് ഇതോടെ നടക്കാതെ പോയത്. വി.സിയുടെ ഈ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് അംഗങ്ങൾ സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ വി.സിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. യോഗം വിളിച്ചത് തന്നെ നിയമവിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. “വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്നതിനാലാണ് ഞങ്ങൾ യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ 90 ശതമാനം അംഗങ്ങളും എത്തിയപ്പോൾ യോഗം ഏകപക്ഷീയമായി മാറ്റിവെച്ചത് പ്രതിഷേധാർഹമാണ്,” അദ്ദേഹം പറഞ്ഞു. യോഗം അട്ടിമറിക്കാൻ വി.സി നേരത്തെ തീരുമാനിച്ചിരുന്നു എന്നും യോഗ സമയത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം ഇത് വ്യക്തമാക്കുന്നു എന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.