ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഇന്നലെ കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, വോട്ടര്‍ പട്ടികയില്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ സ്ത്രീയെ കോടതിമുറിയില്‍ ഹാജരാക്കിയിരുന്നു.
ഹര്‍ജികള്‍ക്കെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടന വിരുദ്ധം എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പുറമേ വാദം ഉന്നയിക്കാന്‍ എത്തിയ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ആണ് കോടതി മുറിയില്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. ബീഹാര്‍ കരട് വോട്ടര്‍ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയ സ്ത്രീയെ യോഗേന്ദ്ര യാദവ് കോടതി മുറിയില്‍ ഹാജരാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ പോരായ്മകള്‍ സുപ്രീംകോടതിയെ നേരിട്ട് അറിയിച്ചു. നാടകം എന്തിനാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഉത്തരം മുട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോരായ്മകളില്‍ ഇടപെടുമെന്ന് കോടതിയെ അറിയിച്ചു. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.
വിഷയത്തില്‍ മികച്ച വിശകലനം നടത്തിയതിന് യോഗേന്ദ്ര യാദവിന് സുപ്രീംകോടതി നന്ദി അറിയിച്ചു.
ആധാര്‍ കാര്‍ഡ് രേഖയായി സ്വീകരിക്കുന്നില്ല എന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവെക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. ആധാര്‍ പൗരത്വത്തിന്റെ നിര്‍ണായ തെളിവായി കണക്കാക്കാന്‍ ആകില്ലെന്ന കമ്മീഷന്റെ വാദം ശരി എന്നായിരുന്നു സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടന വിരുദ്ധം എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍ പ്രശാന്ത് ഭൂഷന്‍ അഭിഷേക് മനു സിംഗ്വി എന്നിവരായിരുന്നു ഹാജരായത്.