Headlines

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയം; തീവ്രവാദികളെ മുട്ടുകുത്തിക്കാനായി’; പ്രധാനമന്ത്രി

രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ ആണ് പരാമർശം.

ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് നമ്മുടെ സേനകളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള തീവ്രവാദി കളുടെ ഒളിത്താവളങ്ങൾ തകർക്കാനായി. മണിക്കൂറുകൾക്കകം പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികളെ മുട്ടുകുത്തിക്കാനായി എന്നും ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായി എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്.