Headlines

ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാദൗത്യം ദുഷ്കരം

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഭട്ട് വാഡിയിൽ വീണ്ടും ഗതാഗത തടസം ഉണ്ടായി. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗതഗത യോഗ്യമാക്കിയ പ്രദേശത്താണ് വീണ്ടും കൂറ്റൻ പാറക്കല്ല് വീണത്. ബൈലി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതിനിടെയാണ് വഴിയിൽ വീണ്ടും തടസ്സമുണ്ടായത്. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കൂടെയാണ് സൈന്യത്തിന്റെ ട്രക്കുകളടക്കം പോകുന്നത്.

എന്നാൽ മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് ഭീഷണിയാണ്. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.ഉത്തരാഖണ്ഡിലെ ധരാലിയിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് ഇപ്പോഴും പറയാനാകില്ലെന്ന് ദുരന്തത്തെക്കുറിച്ചുള്ള വിവരം ആദ്യം പുറംലോകത്തെ അറിയിച്ച രാജേഷ് റാവത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

മേഘവിസ്ഫോടനത്തിന് പിന്നാലെ ഗീർ ഗംഗ നദിയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത് .അൻപതിൽ അധികം വീടുകളും റസ്റ്റോറൻ്റുകളും തകർന്നടിഞ്ഞു.