ആലപ്പുഴ ചേര്‍ത്തല ദുരൂഹമരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിര്‍ണായക പരിശോധന. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥി ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് കിട്ടി. അസ്ഥി ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പല്ലുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമെന്നാണ് വിവരം. 40ലധികം അസ്ഥി ഭാഗങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ലഭിച്ച അസ്ഥിഭാഗങ്ങള്‍ കത്തിച്ച നിലയിലാണ്. അസ്ഥി ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. അസ്ഥി ഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധനയുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്‌സ് സംഘവും സംസ്ഥലത്തെത്തി. വീട്ടുവളപ്പിലെ കുളം വറ്റിക്കും. എസ്‌കവേറ്റര്‍ എത്തിച്ചു. കുഴിയ്ക്കേണ്ട ഭാഗങ്ങള്‍ അടയാളപെടുത്തി. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രണ്ടര ഏക്കര്‍ പുരയിടത്തില്‍ വ്യാപക പരിശോധന നടത്തും.
അതേസമയം, സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് പുതിയ രണ്ട് സിം കാര്‍ഡുകള്‍ കൂടി കണ്ടെത്തി. കണ്ടെത്തിയ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്നത്. പ്രതി നിരന്തരം ഫോണുകളും സിമുകളും മാറുന്ന വ്യക്തി. ഇത്തരത്തില്‍ നിരന്തരം ഫോണുകള്‍ മാറുന്നത് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രതിസന്ധിയാകുന്നുവെന്നാണ് വിവരം.നിലവില്‍ ഉപയോഗിക്കുന്നത് പുതിയ മോഡല്‍ ആന്‍ഡ്രോയ്ഡ് ഫോണാണ്.ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.