കലാഭവൻ നവാസിന് വിടചൊല്ലി നാട്. ആലുവ ടൗൺ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം നടന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിലും മലയാളികളുടെ സ്വീകരണമുറിയിലും ചിരിപടർത്തിയ കലാകരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതനായ പ്രിയനടന് വിതുമ്പലോടെ യാത്രപറഞ്ഞ് സിനിമാ മേഖലയും പൊതുസമൂഹവും.
മൈ ഡിയർ കരടിയിലെയും ജൂനിയർ മാന്ഡ്രാക്കിലെയും മാട്ടുപ്പെട്ടി മച്ചാനിലെയും കഥാപാത്രങ്ങൾ ഈ ദിവസം മലയാളി പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുകയാണ്. കലാഭവനിലെ മിമിക്രി ട്രൂപ്പിലൂടെ ആരംഭിച്ച കലാജീവിതം മൂന്ന് പതിറ്റാണ്ടുകൾ കടന്ന് അവസാനശ്വാസം വരെ തുടർന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുവരെ ക്യാമറക്കുമുന്നിലായിരുന്നു.
ഇന്നലെ രാത്രി 8:40 ഓടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ കുഴഞ്ഞുവീണത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിനുശേഷം ആലുവ നാലാം മയിലിലുള്ള വീട്ടിലെത്തിച്ച മൃതദ്ദേഹത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത തുറയിൽ നിന്നുള്ള നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. അവതരിപ്പിച്ച കഥാപാത്രങ്ങളും വേദികളും കാഴ്ച്ചക്കാർക്ക് വിട്ടുനൽകി കലാഭവൻ നവാസ് യാത്രയായി.