കൂട്ടായ ശ്രമങ്ങളുടെ ഫലമായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ റദ്ദാക്കിയെന്നും മോചനത്തിനായി ധാരണയായെന്നുമുള്ള റിപ്പോർട്ടുകൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺ ധീർ ജെയ്സ്വാൾ വ്യക്തമാക്കി.
തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ ഗുണം ചെയ്യില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസ് ഏറെ നിർണ്ണായകമാണെന്നും കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രൺ ധീർ ജെയ്സ്വാൾ പറഞ്ഞു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു.
.സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. കാന്തപുരം എപി അബൂബക്കൾ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുകയെന്നാണ് അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്.