Headlines

നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോ​ഗിക ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ‌ വ്യക്തമാക്കിയിരുന്നു.

നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാ​ഗമായല്ല ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ കേന്ദ്രം തള്ളിയത്. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ‌ ധാരണയായതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്.

കാന്തപുരം എപി അബൂബക്കൾ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമായത്. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് പൂർണമായി റദ്ദ് ചെയ്തത്.

വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുകയെന്നാണ് അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്.
നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.