Headlines

‘എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു; ബാബുരാജും അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’; വിജയ് ബാബു

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യവുമായി വിജയ് ബാബു രംഗത്തെത്തിയത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

ബാബുരാജിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുള്ളതിനാൽ, അവ കഴിയുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം മാറിനിൽക്കണമെന്നാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ, ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നൽകണമെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

”ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം നിരപാധിത്തം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും താൻ കരുതുന്നു”- വിജയ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.