Headlines

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും.

വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പ്രധാനമന്ത്രി വിഷയത്തില്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ ഇരു സഭകളിലുമായി 16 മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭയില്‍ നാളെയാണ് ചര്‍ച്ച.

ഇരുസഭയിലും 16 മണിക്കൂര്‍വീതമാണ് ചര്‍ച്ചയ്ക്ക് നീക്കിവെച്ചത്. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹവും ചര്‍ച്ചയില്‍ ഇടപെട്ടേക്കുമെന്നാണു സൂചന. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ പ്രതിപക്ഷത്തെ നയിക്കും.

ലോക്‌സഭ പാസാക്കിയ കടല്‍ വഴിയുള്ള ചരക്ക് നീക്ക ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.