പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് തിരിച്ചെത്തും. രാജ്യത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്നെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തും. രാത്രി 8 മണിക്ക് തൂത്തുക്കുടിയിൽ എത്തുന്ന മോദി, തൂത്തുക്കൂടി വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്‍റെ ഉദ്ഘാടനം നിർവഹിക്കും.
ദക്ഷിണ തമിഴ്നാട്ടിൽ ആകെ 4,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവഹിക്കും. രാത്രി എ ഐ എ ഡി എം കെ ജനറൽസെക്രട്ടറി എടപ്പാടി പളനിസാമിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. നാളെ അരിയലൂരിലെ ഗംഗയ്കോണ്ട ചോളപുരം ക്ഷേത്രത്തിലെ ആഡി തിരുവാതിര ചടങ്ങിലും മോദി പങ്കെടുക്കും.
ഇന്നലെ മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ 8 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ.