Headlines

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. എട്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.

ഘാനയിലേക്കാണ് ആദ്യസന്ദർശനം. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഈ മാസം 9ന് നമീബീയിലും മോദി സന്ദർശനം നടത്തുന്നുണ്ട്. പ്രധാനമായ ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. 2016-ൽ അദ്ദേഹം അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, അഫ്ഗാനിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.