സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് പേർ മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്
നല്ലളം സ്വദേശി ഹംസ(72), മലപ്പുറം സ്വദേശി ഇഖ്ബാൽ(58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തിൻകുട്ടി(71) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഹംസയുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ദിവസമായി ചികിത്സയിൽ തുടരുകയായിരുന്നു. മുഹമ്മദ് ഇക്ബാൽ ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്നു. എയ്ന്തിൻകുട്ടിക്ക് ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു
പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി രാമകൃഷ്ണ പിള്ളയാണ് മരിച്ചത്. 73 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മരിച്ച ആലപ്പുഴ കനാൽ വാർഡ് സ്വദേശി ക്ലീറ്റസിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു