ചുറ്റും ഇരമ്പുന്ന വിപ്ലവ സ്മരണകള്‍, ജനമഹാസാഗരം, ഒരൊറ്റ വികാരം- വി എസ്; ജനഹൃദയങ്ങളെത്തൊട്ട് പ്രിയ നേതാവിന്റെ മടക്കം

ഇരമ്പുന്ന വിപ്ലവ സ്മരണകളുടെ നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിപാലയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. അണമുറിയാത്ത ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. അച്ഛന്റെ തോളത്തേറി വി എസിനെ കാത്തുനിന്ന കുഞ്ഞുങ്ങളും തളര്‍ച്ച മറന്ന് പാതയോരങ്ങളില്‍ തമ്പടിച്ച വയോധികരും തിങ്ങിക്കൂടിയ സ്ത്രീകളും വൈകാരിക കാഴ്ചയായി. തിരുവനന്തപുരം പിന്നിട്ടിട്ട് അഞ്ച് മണിക്കൂറിലേറെയായെങ്കിലും വഴിയിലൊരിടത്തും ജനപ്രവാഹം നിലച്ചിട്ടില്ല. പാരിപ്പള്ളിയില്‍ മഴനനഞ്ഞ് പ്രിയനേതാവിനെ കാത്തുനിന്ന സാധാരണ മനുഷ്യരും കാവനാട്ടും ചിന്നക്കടയിലും തടിച്ചുകൂടിയ ജനങ്ങളും വി എസ് മലയാളിക്ക് ആരെന്ന് അടയാളപ്പെടുത്തി. വിലാപയാത്ര ചവറയില്‍ എത്തിയപ്പോള്‍ അതൊരു ജനമഹാസാഗരമായി

ഇന്നലെ രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും.

വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. കനത്ത മഴ കണ്ടില്ലെന്ന് വച്ച് വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഒരു വട്ടമെങ്കിലും തൊടാന്‍, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാന്‍ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനില്‍ക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ‘പോരാളികളുടെ പോരാളീ… ആരുപറഞ്ഞു മരിച്ചെന്ന് ‘ തൊണ്ടപൊട്ടുമാറ് വിളിച്ച് ജനങ്ങള്‍ പ്രിയപ്പെട്ട നേതാവിന്റെ അമരത്വം വീണ്ടും വീണ്ടും പാടിയുറപ്പിക്കുന്നത് വൈകാരിക കാഴ്ചയായി.

സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ സി ലോ ഫ്ലോര്‍ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്‌കാരം.