Headlines

നിമിഷപ്രിയ കേസ്, കാന്തപുരത്തിന്റെ യെമൻ ബന്ധം ഗുണം ചെയ്തു; അദ്ദേഹത്തിന് നന്ദി അറിയിക്കാൻ എത്തിയതാണ്; ചാണ്ടി ഉമ്മൻ എംഎൽഎ

നിമിഷപ്രിയ കേസ്, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. കാരന്തൂർ മർക്കസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണുന്നു. കാന്തപുരത്തിന്റെ യെമൻ ബന്ധം ഗുണം ചെയ്തു. ആരും തെറ്റിദ്ധാരണ പരത്തരുത്. എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ചാണ്ടി ഉമ്മൻ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് യുവാവ് മരിച്ചെന്ന ആക്ഷേപം , പഠിച്ചിട്ട് പ്രതികരിക്കാം. വെള്ളാപ്പള്ളി വിഷയത്തിൽ മറുപടി പറയുന്നില്ലെന്നും നമ്മുടെ നാട് ഒറ്റക്കെട്ടായി പോവുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. ഫേസ്ബുക്കിലൂടെ സാമുവലിനെതിരെ മഹ്ദി ​ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

സാമുവൽ ജെറോം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കുകയോ ചെയ്തിട്ടില്ലെന്നും മഹ്ദി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മറിച്ചാണെന്ന് തെളിയിക്കാൻ സാമുവൽ ജെറോമിനെ മഹ്ദി ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.