ധനനയം തീരുമാനിക്കുന്ന കേന്ദ്ര ബാങ്കുകളെ സാധാരണ ഭരണകര്‍ത്താക്കള്‍ അനാവശ്യമായി സ്വാധീനിക്കാറില്ല. എന്നാല്‍ ചുമതലയേറ്റത് മുതല്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് പല തവണ ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനോടാവശ്യപ്പെട്ടിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ട്രംപിന്റെ സ്വാധീനം ആവശ്യമില്ലെന്നുറപ്പിച്ച പവലാകട്ടെ ആ ആവശ്യം പല തവണ നിരസിക്കുകയും ചെയ്തു. അന്ന് മുതല്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി ജെറോം പവലിനെ ഫെഡ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപ്. അതിനായി ഏറ്റവുമൊടുവില്‍ ട്രംപ് കണ്ടെത്തിയത് പവലിനെതിരെ ഒരു അഴിമതിയാരോപണം ഉന്നയിക്കുകയെന്ന തന്ത്രമാണ്. ഏറ്റവുമൊടുവില്‍ രണ്ടര ബില്യണ്‍ ഡോളറിന് കേന്ദ്രബാങ്ക് ആസ്ഥാനം നവീകരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പവല്‍ ക്രമക്കേട് കാട്ടിയെന്ന് ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജെറോം പവലിനെ പുറത്താക്കുന്നത് സര്‍വത്ര തിരിച്ചടിയാകുമെന്നാണ് യു എസ് ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ട്രംപിന് നല്‍കിയ ഉപദേശം. ഫെഡ് മേധാവിയെ പെട്ടെന്ന് പുറത്താക്കുന്നത് വിപണികളില്‍ അനിശ്ചിത്വമുണ്ടാക്കുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും സ്‌കോട്ട് ബെസന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. പവല്‍ നിയമ നടപടികളിലേക്ക് പോയാല്‍ അതും രാഷ്ട്രീയ വിവാദങ്ങളും പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായത്തിലാണ് ബെസന്റ്. സ്വതന്ത്രാധികാരങ്ങളുള്ള ഫെഡ് ചെയറിനെ മാറ്റുന്നത് ലളിതമാകില്ല. നിരവധി നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കാം. മാത്രവുമല്ല ഈ വര്‍ഷം അവസാനത്തോടെ പലിശ കുറയ്ക്കാമെന്ന സൂചന പവല്‍ നല്‍കിയിട്ടുമുണ്ട്. അതുകൊണ്ട് പവലിനെ പുറത്താക്കല്‍ സേഫല്ലെന്നാണ് ബെസന്റിന്റെ വിലയിരുത്തല്‍. ബെസന്റിന്റെ ഉപദേശമുണ്ടെങ്കിലും ട്രംപ് ക്യാംപ് അമര്‍ഷത്തിലാണ്. നവീകരണ പദ്ധതി മൊത്തം ക്രമക്കേടെന്ന് വൈറ്റ് ഹൗസ് ബജറ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ റസല്‍ വോ പറഞ്ഞു. ഇതിന് പവല്‍ ഉത്തരം പറയണമെന്നും വോ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം സുതാര്യമെന്നും കൃത്യമായ രേഖകളുണ്ടെന്നുമുള്ള മറുപടി പവല്‍ രേഖാമൂലം നല്‍കുകയും ചെയ്തു.
കേന്ദ്രബാങ്ക് തലവനെ പുറത്താക്കുന്നത് യു എസ് ചരിത്രത്തില്‍ അസാധാരണമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയരുമെന്നും സുപ്രിംകോടതി വരെ വിഷയം എത്തിയേക്കുമെന്നും ഇവര്‍ പറയുന്നു. ഫെഡറല്‍ റിസര്‍വ് ആക്ട് പ്രകാരം ചെയറിന് നാല് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാം. അത് തടയുന്ന ഏത് നടപടിയും നിയമക്കുരുക്കിലേക്ക് വലിച്ചിഴക്കപ്പെടാം. അതുകൊണ്ട് തന്നെ ട്രംപിന് എത്ര കലിപ്പുണ്ടെങ്കിലും പവലിനെ പുറത്താക്കുന്നത് ഒട്ടും ലളിതമാവില്ല.