ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് ആണ് ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഡോളർ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്കാണ് തുടക്കമാകുന്നത്.
2025 ജൂലൈ 18 വെള്ളിയാഴ്ച പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്കായുള്ള നിയമങ്ങൾ രൂപീകരിക്കുന്ന S.1582 എന്ന ജീനിയസ് ആക്ടിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചത്. ബില്ലിൽ ഒപ്പു വച്ചത് അമേരിക്കയെ സാന്പത്തിക-സാങ്കേതിക നേതൃത്വത്തിലേക്കുയർത്തുന്ന നിമിഷമെന്നാണ് ട്രംപ് പറഞ്ഞത്. വർഷങ്ങളായി ക്രിപ്റ്റോ സമൂഹം അനുഭവിക്കുന്ന പരിഹാസങ്ങൾക്കും തടസങ്ങൾക്കും അവസാനമായിരിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് അവരുടെ കഠിനാധ്വാനത്തിന് ലഭിച്ച ഫലത്തെ അഭിനന്ദിച്ചു.
പേയ്മെന്റ് സ്റ്റേബിൾകോയിനുകളെ പ്രോത്സാഹിപ്പിക്കുന്പോഴും കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസിയെന്ന (CBDC) ആശയത്തിന് താൻ എതിരാണെന്ന് ട്രംപ് ആവർത്തിച്ചു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂന്നിയ പുതുതലമുറ ഇടപാടുകളെ നയിക്കുകയാണ് ഡോളറെന്നാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് എക്സിൽ കുറിച്ചത്.
എന്തൊക്കെയാണ് ജീനിയസ് ആക്ടിൽ പറഞ്ഞിട്ടുള്ളത് ?
ചാഞ്ചാട്ടം കുറയ്ക്കുന്നതും അതിവേഗ സെറ്റിൽമെന്റ് സാധ്യമാക്കുന്നതും ഉയർന്ന ലിക്വിഡിറ്റി ഉള്ളതുമായി പേയ്മെന്റ് സ്റ്റേബിൾ കോയിനുകളുടെ സ്ഥാനമുറപ്പിക്കുന്നതാണ് ജീനിയസ് ആക്ട്.
ആർക്കൊക്കെ പേയ്മെന്റ് സ്റ്റേബിൾകോയിനുകൾ പുറത്തിറക്കാമെന്ന് വിവക്ഷിക്കുന്നു
ഉപഭോക്തൃ സംരക്ഷണ നടപടികൾ വ്യക്തമാക്കുന്നു
ഡോളറിന്റെ അപ്രമാദിത്യം നിലനിർത്തിക്കൊണ്ടുള്ള നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കൽ
ജീനിയസ് ആക്ടിന് പിന്നാലെ മറ്റ് രണ്ട് ക്രിപ്റ്റോ ആക്ടുകളായ ക്ലാരിറ്റി ആക്ടും ആന്റി-CBDC സർവയലൻസ് സ്റ്റേറ്റ് ആക്ടും സെനറ്റിലുണ്ട്.