പങ്കാളിയ്ക്ക് ഒരു വില കൂടിയ ഡ്രസ് പിറന്നാള്‍ സമ്മാനമായി കൊടുക്കുന്നതിന് തൊട്ടുമുന്‍പോ ഒരു നല്ല സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് മുന്‍പോ എന്തിന് വീട്ടിലൊരു നല്ല മിക്‌സി വാങ്ങുന്നതിന് മുന്‍പോ ഓഫിസിലെ മേലുദ്യോഗസ്ഥനില്‍ നിന്ന് അനുവാദം വാങ്ങേണ്ടി വന്നാല്‍ അതെങ്ങനെയുണ്ടാകും? നിങ്ങള്‍ ഉത്തരാഖണ്ഡിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥനെ വെറുതെ ധരിപ്പിച്ചാല്‍ മാത്രം മതിയാകില്ല. അദ്ദേഹത്തില്‍ നിന്ന് ക്ലിയറന്‍സും വാങ്ങേണ്ടി വരും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് മാത്രമല്ല. 5000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ച് ഏത് വസ്തുവാങ്ങിയാലും ഈ ക്ലിയറന്‍സ് വേണ്ടി വരും. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക ചര്‍ച്ചയായിരിക്കുകയാണ്.
ഒരു മാസം 5000 രൂപയില്‍ കൂടുതല്‍ മുടക്കി എന്ത് സാധനങ്ങള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതിപത്രം വാങ്ങേണ്ടി വരും. സ്ഥലം ഉള്‍പ്പെടെയുള്ള സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മുന്‍പ് മേലധികാരികളെ അറിയിക്കണമെന്നും വിലകൂടിയ സ്ഥാവര ജംഗമ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ സമ്മാനമായി നല്‍കുകയോ ചെയ്താലും സ്ഥലമോ കെട്ടിടമോ പാട്ടത്തിന് നല്‍കിയാലും മേലുദ്യോഗസ്ഥനെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്റെ കൈവശമുള്ള സ്ഥാവര ജംഗമ വസ്തുക്കളെക്കുറിച്ച് അധികാരികളെ വ്യക്തമായി ധരിപ്പിച്ചിരിക്കണം. പിന്നീട് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും തന്റെ പേരിലുള്ള സ്വത്തുവകകളുടെ വിവരങ്ങള്‍ മേലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അധികാരികളെ ധരിപ്പിക്കേണ്ടതായി വരും. സോഷ്യല്‍ മീഡിയയില്‍ ഈ ഉത്തരവിനെക്കുറിച്ച് വ്യാപക ചര്‍ച്ചകളാണ് നടക്കുന്നത്. വിഷയത്തില്‍ നെറ്റിസണ്‍സിന് സമ്മിശ്ര അഭിപ്രായങ്ങളാണുള്ളത്. ഉത്തരവ് അപ്രായോഗികമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഈ ഉത്തരവ് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഒരു ധീരമായ ചുവടുവയ്‌പ്പെന്ന് മറ്റൊരു വിഭാഗവും വ്യക്തമാക്കുന്നു.