ഗസ്സയിലേക്ക് സഹായക്കപ്പലയച്ച് യുഎഇ. ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ്3യുടെ ഭാഗമായാണ് കപ്പല്‍ അയച്ചിരിക്കുന്നത്. ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേയ്ക്കാണ് കപ്പല്‍ എത്തുക. കപ്പലില്‍ കുടിവെള്ള ടാങ്കറുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനി കഴിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ഉണ്ടാകുക. ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന യുഎഇയില്‍ നിന്നുള്ള എട്ടാമത്തെ കപ്പലാണ് ഇത്.
കടുത്ത പട്ടിണിയാലും കൊടും തണുപ്പാലും വലയുന്ന അരക്ഷിതരും വീടുകള്‍ നഷ്ടപ്പെട്ടവരുമായ ഗസ്സന്‍ ജനതയ്ക്ക് യുഎഇ ഇതുവരെ എത്തിച്ചിരിക്കുന്നത് 55,000 ടണ്‍ വസ്തുവകകളാണ്. ഇത് ഏഴ് ഷിപ്പുകളിലും 2500 ലോറികളിലും 500ലേറെ വിമാനങ്ങളിലുമാണ് ഗസ്സയിലേക്ക് എത്തിച്ചത്. ഗസ്സന്‍ ജനതയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി യുഎഇ പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയിലെ 80 ശതമാനത്തിലധികം ജലവിതരണ സംവിധാനങ്ങളും നശിച്ചുവെന്നും കുടിക്കാന്‍ ആവശ്യത്തിന് ശുദ്ധജലം പോലുമില്ലാതെ ഗസ്സന്‍ ജനത ഏറെ പ്രയാസപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഈ സഹായം.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം 58,479 പലസ്തീനികള്‍ കൊല്ലപ്പെടുകയും 139,355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയിലെ 2.3 ദശലക്ഷം ആളുകള്‍ക്ക് തങ്ങളുടെ വീടുകളും ജീവിതമാര്‍ഗവും നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സഹായ വിതരണ കേന്ദ്രങ്ങളില്‍ കാത്തുനിന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും ഗസ്സയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്രയേലിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.