Headlines

വിപ‌ഞ്ചികയുടെ മരണം; കുടുംബം നൽകിയ ഹർജി തീർപ്പാക്കി, നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് നിർദേശം

കൊച്ചി: ഷാർജയിൽ മരിച്ച വിപ‌ഞ്ചികയുടെ മരണത്തിൽ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. നിയമപരമായും അച്ഛനുള്ള അവകാശത്തിന് മുൻതൂക്കം ലഭിച്ചു. വൈഭവിയെ യുഎഇയിൽ സംസ്കരിക്കും. സംസ്കാരത്തിൽ വിപഞ്ചികയുടെ കുടുംബം പങ്കെടുക്കും. ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

അതേസമയം, വിപഞ്ചികയുടെ അമ്മ ശൈലജ കേരളത്തിൽ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിതീഷും സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാകി. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.