Headlines

‘വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നു; 2022ല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചു’; വിപഞ്ചികയുടെ ശബ്ദ സന്ദേശം പുറത്ത്

യുഎഇയിലെ ഷാര്‍ജയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ . സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നല്‍കിയിരുന്നു.

കല്യാണത്തിന് പിന്നാലെ തന്നെ സ്ത്രീധന തര്‍ക്കമുണ്ടായി. വീട്ടുകാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിന് കാരണമായി. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വിദ്യാഭ്യാസ ലോണ്‍. തങ്ങള്‍ തമ്മില്‍ നില്‍ക്കേണ്ട കാര്യം ലോകം മുഴുവന്‍ അറിയിച്ച ഭര്‍ത്താവ് നീതിഷിന് നാണം ഉണ്ടോയെന്നാണ് വിപഞ്ചികയുടെ ശബ്ദ സന്ദേശം. താന്‍ കട്ടിലിലും ഭര്‍ത്താവ് സോഫയിലും ആണ് കിടക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹമോചനത്തിന്റെ ആലോചനകള്‍ 2022 ലേ ആരംഭിച്ചിരുന്നു. വിവാഹമോചനത്തിനെ കുറിച്ച് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചിരുന്നുവെന്നും ശബ്ദരേഖ വ്യക്തമാക്കുന്നു.

ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ ഇവര്‍ മൂന്നുപേരുമാണ് തന്റെ മരണത്തില്‍ പ്രതികളെന്നാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാകുന്നുണ്ട്. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി. കാര്‍ കൊടുത്തില്ല.

ഇതിന്റെയൊക്കെ പേരില്‍ കൊല്ലാക്കൊല ചെയ്തു. നിതീഷിന്റെ അച്ഛന്‍ അപമര്യാദയായി പെരുമാറി. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്ക് വേണ്ടി കൂടിയാണ് തന്നെ കല്യാണം കഴിച്ചത് എന്ന് പറഞ്ഞു.കുഞ്ഞിനെയും തന്നെയും ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി.

പട്ടിയെപ്പോലെ തല്ലിയെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും വിപഞ്ചിക പറയുന്നു.ഭര്‍തൃ സഹോദരി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കാറില്ല.മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.നിതീഷിന് പരസ്ത്രീ ബന്ധമെന്നും കുറിപ്പിലുണ്ട്.

എല്ലാം സഹിച്ചു ക്ഷമിച്ചു, കുഞ്ഞിനുവേണ്ടി പക്ഷേ ഇനി വയ്യ.അവരെ വെറുതെ വിടരുതെന്നും മടുത്തുവെന്നും പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിക്കുന്നത്. നിധീഷില്‍ നിന്നും ഏറ്റ ശാരീരിക പീഡനങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചു. മകള്‍ നേരിട്ട പീഡനങ്ങള്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ വ്യക്തമാക്കുന്നു. നിതീഷിന്റെ പിതാവ് മോഹനന്‍ തന്നോടും മോശമായി പെരുമാറിയതായും ഷൈലജ പറഞ്ഞു.