Headlines

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍ ഉളിയില്‍ രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

നാടിനെ ഞെട്ടിച്ച ദുരഭിമാനകൊലയില്‍ 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വിചാരണ വേളയില്‍ ഷാഹുല്‍ ഹമീദ് ഉള്‍പ്പടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറി. പരുക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഷാഹുല്‍ ആക്രമണ വിവരം സമീപത്തെ ഒരു ഹോം ഗാര്‍ഡിനോട് പറഞ്ഞിരുന്നു. അതേ ഹോംഗാര്‍ഡിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.