ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷധത്തിൽ അറസ്റ്റിലായ പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജെ നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇരുവരെയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
പ്രതിഷേധത്തിനിടെ പൊലീസ് ബസിന് കേടുപാടു വരുത്തിയതാണ് ജിതിന് എതിരായ കേസ്. കിടങ്ങന്നൂർ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ശിലാഫലകം അടിച്ചു തകർത്ത കേസിലാണ് ഏദൻ ജോർജ് അറസ്റ്റിലായത്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ടയിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച സമരത്തിൽ ജിതിൻ ജെ നൈനാനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എന്നാൽ പൊലീസ് വാഹനത്തിന് കേടുപാടു വരുത്തി എന്ന കുറ്റത്തിൽ ഇന്ന് രാവിലെ കൊടുമണ്ണിലെ വീട്ടിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സമരത്തിനിടെ, കിടങ്ങന്നൂർ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ശിലാഫലകം അടിച്ചു തകർത്ത കേസിലാണ് ഏദൻ ജോർജിനെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയി ഇന്ദുചൂഡന്റെ നേതൃത്വത്തിൽ തടഞ്ഞത്. ഏദൻ ജോർജിനെ കയ്യാമം വെക്കാൻ പൊലീസ് ശ്രമിച്ചത് പ്രവർത്തകരെ കൂടുതൽ പ്രകോപിതരാക്കി.
പ്രവർത്തകർ പോലീസ് വാഹനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ച നീക്കിയ ശേഷമാണ് വാഹനം കടന്നുപോയത്. സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരുടെ വീട്ടിലെത്തുമെന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുൽമാങ്കൂട്ടത്തിൽ രംഗത്തെത്തി. ഡിവൈഎഫ്ഐക്കാർ വിരട്ടാൻ വരേണ്ടന്നും രാഹുൽ പ്രതികരിച്ചു.
ആരോഗ്യ മന്ത്രി രാജിവെക്കും വരെ സമരം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിക്കുമ്പോൾ പ്രതിരോധിക്കാൻ പാർട്ടിയും ഡിവൈഎഫ്ഐയും രംഗത്തെത്തിയാൽ രാഷ്ട്രീയ കേരളം സംഘർഷഭരിതമാകുമെന്ന കാര്യത്തിൽ സംശയമില്ല.